ഖത്തർ: ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

GCC News

രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. 2026 ഒക്ടോബർ 8-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഡ്രൈവിംഗ് പരിശീലന സേവനങ്ങൾ ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഡ്രൈവിംഗ് സ്കൂളുകളും ഉപഭോക്താക്കളും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുന്ന പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമം (നിയമം നമ്പർ 8) അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിബന്ധനകൾ. ഖത്തറിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കും ഡ്രൈവിംഗ് പരിശീലന സേവനങ്ങൾ തേടുന്ന ഉപഭോക്താക്കൾക്കും ഇവ ബാധകമാണ്.

ഈ പുതിയ നിബന്ധനകൾ പ്രകാരം, നൽകേണ്ട സേവനങ്ങൾ വ്യക്തമാക്കുന്ന രേഖാമൂലമുള്ള കരാർ ഇല്ലാതെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇത്തരം കരാറുകളിൽ പരിശീലനം ആരംഭിക്കുന്ന കൃത്യമായ തീയതി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇത് കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന പെർമിറ്റ് നമ്പർ ലഭ്യമാക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുകയും ചെയ്യേണ്ടതാണ്.

ഈ പുതിയ നിബന്ധനകൾ പാലിക്കുന്നതിനായി തങ്ങളുടെ നില ക്രമീകരിക്കുന്നതിന് ഡ്രൈവിംഗ് സ്കൂളുകൾക്ക് അറിയിപ്പ് ലഭിക്കുന്ന തീയതി മുതൽ ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷം, നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി വാണിജ്യ-വ്യവസായ മന്ത്രാലയം നേരിട്ടുള്ള പരിശോധനാ നടപടികൾ ആരംഭിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ (16001) വിളിച്ചോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.