ഒമാൻ: ബ്രാൻഡിംഗ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

GCC News

രാജ്യത്തെ ബ്രാൻഡിംഗ് നിയമങ്ങൾ കർശനമായി പാലിക്കാൻ ബിസിനസ്സ് ഉടമകളോടും കമ്പനികളോടും സംരംഭകരോടും ഒമാൻ അധികൃതർ ആഹ്വാനം ചെയ്തു. 2026 ഒക്ടോബർ 12-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യാപാരമുദ്രകൾ തിരഞ്ഞെടുക്കുമ്പോഴും രൂപകൽപന ചെയ്യുമ്പോഴും രജിസ്റ്റർ ചെയ്യുമ്പോഴും നിയമപരമായ ആവശ്യകതകൾ പാലിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പരമാധികാര ചിഹ്നങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരമുദ്രകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഒമാനിൽ നിരോധിച്ചിട്ടുണ്ട്.

ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും വേർതിരിച്ചറിയാനും, വാണിജ്യപരമായ സൽപ്പേര് കെട്ടിപ്പടുക്കാനും, പ്രാദേശിക-അന്താരാഷ്ട്ര വിപണികളിൽ ബിസിനസ്സുകളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കുന്ന വിലപ്പെട്ട അദൃശ്യ ആസ്തികളാണ് ട്രേഡ്‌മാർക്കുകളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിനാൽ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് കീഴിൽ ട്രേഡ്‌മാർക്കുകൾ രജിസ്റ്റർ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് ഡയറക്ടർ എൻജിനീയർ ഖാലിദ് ബിൻ ഹമൂദ് അൽ ഹിനായി വ്യക്തമാക്കിയിട്ടുണ്ട്.

നിയമപ്രകാരം ഉപയോഗം നിരോധിച്ചിട്ടുള്ള രാജ്യങ്ങളുടെയോ സംഘടനകളുടെയോ ഔദ്യോഗിക പതാകകൾ, ചിഹ്നങ്ങൾ, പരമാധികാര പ്രതീകങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതോ അവയെ അനുകരിക്കുന്നതോ ആയ വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള വിലക്ക് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗിക ചിഹ്നങ്ങളെ സംരക്ഷിക്കുന്നതിനും, സർക്കാർ പിന്തുണയോ ബന്ധമോ ഉണ്ടെന്ന തെറ്റായ ധാരണ വ്യാപാരമുദ്രകൾ വഴി ഉണ്ടാകുന്നത് തടയുന്നതിനുമാണ് ഈ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ ഉത്ഭവസ്ഥാനത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യങ്ങളുടെയോ പ്രദേശങ്ങളുടെയോ പേരുകൾ, ഭൂമിശാസ്ത്രപരമായ സൂചകങ്ങൾ എന്നിവയുടെ ഉപയോഗത്തിനും നിയമപരമായ നിയന്ത്രണങ്ങളുണ്ട്.

വ്യാപാരമുദ്രകളിൽ കൊട്ടാരങ്ങൾ, കോട്ടകൾ, ചരിത്രപ്രധാനമായ സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് യാന്ത്രികമായ വിലക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവയുടെ രജിസ്‌ട്രേഷൻ സാധ്യമാണോ എന്നത്, അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളെയും, സംരക്ഷിത സവിശേഷതകൾ, ഔദ്യോഗിക ചിഹ്നങ്ങൾ അല്ലെങ്കിൽ അനധികൃതമായ സർക്കാർ ബന്ധം സൂചിപ്പിക്കാൻ സാധ്യതയുള്ള മറ്റ് ഘടകങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.