ഒമാൻ: പാർപ്പിട ചട്ടങ്ങൾ കർശനമായി പാലിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി

GCC News

പാർപ്പിട ചട്ടങ്ങൾ കർശനമായി പാലിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി കെട്ടിട ഉടമകളോടും തൊഴിലുടമകളോടും നിർദ്ദേശിച്ചു. 2026 ഒക്ടോബർ 12-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

വാസസ്ഥലങ്ങളിൽ തൊഴിലാളികൾക്കായി അനധികൃത താമസസൗകര്യങ്ങൾ ഒരുക്കുന്നതിനെതിരെ ഈ അറിയിപ്പിൽ മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാസസ്ഥലങ്ങളിൽ അമിതമായ ആളുകൾ തിങ്ങിപ്പാർക്കുന്നതും കെട്ടിടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതും പ്രദേശവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിലുടനീളം സുരക്ഷിതവും സൗകര്യപ്രദവും ചിട്ടയുമുള്ള പാർപ്പിട മേഖലകൾ നിലനിർത്തുന്നതിന്, പാർപ്പിട ചട്ടങ്ങൾ പാലിക്കപ്പെടേണ്ടതും, കെട്ടിടങ്ങളുടെ വർഗ്ഗീകരണം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

മസ്‌കറ്റ് ഗവർണറേറ്റിലെ കെട്ടിട ഉപയോഗം നിയന്ത്രിക്കുന്ന ലോക്കൽ ഓർഡർ നമ്പർ 23/92-ലെ, ആർട്ടിക്കിൾ 31 (ഡി) പ്രകാരം, റെസിഡൻഷ്യൽ, മിക്സഡ്-യൂസ് റെസിഡൻഷ്യൽ-കൊമേഴ്‌സ്യൽ മേഖലകളിൽ തൊഴിലാളികളെയോ അവിവാഹിതരായ പുരുഷന്മാരെയോ പാർപ്പിക്കുന്നതിനായി കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിർമ്മിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഒരേ കെട്ടിടത്തിൽ അവിവാഹിതരായ പുരുഷന്മാർക്കും, കുടുംബങ്ങൾക്കും താമസസൗകര്യം സംയോജിപ്പിക്കുന്നതും ഈ ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുണ്ട്.

പാർപ്പിട ചട്ടങ്ങൾ പാലിക്കാതെ അനിയന്ത്രിതമായ താമസസംവിധാനങ്ങൾ ഒരുക്കുന്നത് റോഡുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും വലിയ തിരക്ക്, ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉള്ള അപകടസാധ്യതകൾ, പൊതു സേവനങ്ങളിലും സൗകര്യങ്ങളിലും വർദ്ധിച്ച ആവശ്യകത, താമസക്കാരുടെ സുഖസൗകര്യങ്ങൾ തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള അനന്തരഫലങ്ങൾക്കിടയാക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളികൾക്ക് നിശ്ചിത സ്ഥലങ്ങളിൽ അനുയോജ്യമായ താമസസൗകര്യം ഒരുക്കുന്നതിനും, ബാധകമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തൊഴിലുടമകളും സ്ഥാപനങ്ങളും ഉത്തരവാദിത്വമുണ്ടെന്ന് മുനിസിപ്പാലിറ്റി ഓർമ്മപ്പെടുത്തി. തൊഴിലാളികൾ താമസസ്ഥലത്തേക്ക് മാറുന്നതിന് മുൻപുതന്നെ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഉത്തരവാദിത്തം ആരംഭിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു; കെട്ടിടങ്ങളിൽ തുടക്കം മുതൽക്കേ മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകളോടും കെട്ടിട ഉടമകളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.