അൽ ഇത്തിഹാദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ടെൻഡർ ക്ഷണിച്ചു

GCC News

അൽ നഹ്ദ ജംഗ്‌ഷനിലെ അൽ ഇത്തിഹാദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. 2026 നവംബർ 20-നാണ് യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡിന്റെ ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കുക, യാത്രാ സമയം ഗണ്യമായി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ചുറ്റുമുള്ള റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി, ആകെ നാല് കിലോമീറ്റർ നീളമുള്ള എട്ട് പാലങ്ങളുടെയും 4.5 കിലോമീറ്റർ സർവീസ് റോഡുകളുടെയും നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, അൽ ഇത്തിഹാദ് റോഡിന്റെ ശേഷി പ്രതിദിനം 100,000 വാഹനങ്ങളിൽ നിന്ന് 190,000 വാഹനങ്ങളായി വർധിക്കുമെന്നാണ് (90 ശതമാനത്തോളം വർദ്ധനവ്) പ്രതീക്ഷിക്കുന്നത്. അതുപോലെ, അൽ നഹ്ദ ജംഗ്ഷന്റെ ശേഷി പ്രതിദിനം 188,000 വാഹനങ്ങളിൽ നിന്ന് 310,000 വാഹനങ്ങളായി – ഏകദേശം 65 ശതമാനത്തോളം – വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതോടെ പ്രധാന ഗതാഗത പാതകളിലൂടെയുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയുമെന്ന് മന്ത്രാലയം കണക്കാക്കുന്നു. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പാതകളിലൊന്നിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക എന്നതാണ് ഈ പ്രവർത്തങ്ങളിലൂടെ ലക്ഷ്യമിടുന്നത്.