ഈദ് അൽ ഇത്തിഹാദ്: ദുബായ് നഗരത്തിലുടനീളം പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

GCC News

യു എ ഇയുടെ അമ്പത്തഞ്ചാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് നഗരത്തിലുടനീളം പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. 2026 നവംബർ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DFRE) നേതൃത്വത്തിലാണ് നഗരത്തിലുടനീളം സാംസ്കാരിക പരിപാടികളും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നത്.

2026 നവംബർ 26 മുതൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടികൾ, ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ സർഗ്ഗാത്മക വിഭാഗമായ ‘ബ്രാൻഡ് ദുബായ്’ ആണ് ഏകോപിപ്പിക്കുന്നത്. സർക്കാർ, അർദ്ധ-സർക്കാർ, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ചാണ് ഈ ആഘോഷങ്ങൾ ഒരുക്കുന്നത്.

ഡിസംബർ 2, 3 തീയതികളിൽ ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ദി ബീച്ച് ജെബിആർ എന്നിവിടങ്ങളിൽ 1,600 ഡ്രോണുകൾ ഉപയോഗിച്ച് യു എ ഇ പതാകയും ദേശീയ ചിഹ്നങ്ങളും ആകാശത്ത് തെളിക്കുന്ന ലൈറ്റ് ഷോയും, കൈറ്റ് ബീച്ചിന് മുകളിൽ ‘അൽ ഫുർസാൻ’ ടീം നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങളും ഇതിലെ പ്രധാന ആകർഷണങ്ങളാണ്.

യു എ ഇ എന്ന യൂണിയന്റെ ചരിത്രയാത്രയ്ക്ക് ആദരമർപ്പിച്ചുകൊണ്ട്, ഹട്ട പർവതനിരകൾ മുതൽ തീരപ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ഹെറിറ്റേജ് വില്ലേജുകളിലും, മറ്റും പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതാണ്. കൂടാതെ, ബുർജ് ഖലീഫ, ദുബായ് ഫൗണ്ടൻ, ദുബായ് ഫ്രെയിം തുടങ്ങി നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ ആഘോഷങ്ങളിൽ പങ്കുചേരും.