അഞ്ചാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി. 2026 നവംബർ 20-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Organised by @dctabudhabi, the 5th Maritime Heritage Festival will take place from 20-29 November 2026 at Abu Dhabi Corniche, featuring traditional crafts, performances, exhibitions, workshops, and hands-on experiences celebrating the UAE’s seafaring legacy. https://t.co/Zq9aR4OT6Y
— مكتب أبوظبي الإعلامي (@ADMediaOffice) November 20, 2026
യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് 2026 നവംബർ 20-നാണ് ആരംഭിച്ചത്.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ഈ മേള 2026 നവംബർ 29 വരെ നീണ്ട് നിൽക്കും. അബുദാബി കോർണിഷിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഈ സാംസ്കാരിക മേളയിൽ യു എ ഇയുടെ തീരദേശമേഖലയുടെ പരമ്പരാഗത ജീവിതരീതികൾ, പൈതൃക അടയാളങ്ങൾ, ചരിത്രം എന്നിവ പുനഃസൃഷ്ടിക്കപ്പെടുന്നതാണ്. ഈ മേഖലയിൽ അധിവസിക്കുന്നവരുടെ കരകൗശല സമ്പ്രദായങ്ങൾ, കലാരൂപങ്ങൾ, സംഗീതം, കഥാകഥനം, പരമ്പരാഗത ഭക്ഷണശീലങ്ങൾ എന്നിവ അടുത്തറിയുന്നതിനും ഈ മേഖലയിലെ പരമ്പരാഗത ചന്തകൾ നേരിട്ട് കാണുന്നതിനും അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകർക്ക് അവസരം ഒരുക്കുന്നു.
പരമ്പരാഗത കരകൗശല വസ്തുക്കൾ, കലാപ്രകടനങ്ങൾ, ഭക്ഷണവിഭവങ്ങൾ, പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ എന്നിവയിലൂടെ യു എ ഇയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തെയും എമിറാത്തി സമുദ്ര പൈതൃകത്തെയും ഈ ഉത്സവം ആഘോഷിക്കുന്നു. യു എ ഇയുടെ ‘ഇയർ ഓഫ് ഫാമിലി’ എന്ന ആശയവുമായി ചേർന്നുനിൽക്കുന്ന ഈ വർഷത്തെ മേളയിൽ, കടലിന്റെ ചരിത്രം, എമിറാത്തി സ്വത്വ രൂപീകരണത്തിൽ കടലിനുള്ള പങ്ക്, തലമുറകളായി കൈമാറിവന്ന മൂല്യങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന കഥപറച്ചിലുകളും നേരിട്ടുള്ള അനുഭവങ്ങളും ഉൾക്കൊള്ളുന്ന നിരവധി പുതിയ പരിപാടികൾ അവതരിപ്പിക്കുന്നു.
പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയും, വാരാന്ത്യങ്ങളിൽ അർദ്ധരാത്രി വരെയും സന്ദർശകർക്ക് ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
Cover Image: Abu Dhabi Media Office.

