അജ്‌മാൻ: ‘ബിഗ് ബാഡ് വുൾഫ്’ പുസ്തക വില്പനമേള 2026 നവംബർ 24-ന് ആരംഭിക്കും

GCC News

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2026 നവംബർ 24-ന് അജ്മാനിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അജ്മാനിലെ അൽ ജുർഫ് 2-ലുള്ള എമിറേറ്റ്‌സ് ഹാളിൽ (എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്റർ) വെച്ചാണ് ‘ബിഗ് ബാഡ് വുൾഫ് ബുക്സ്’ മേള സംഘടിപ്പിക്കുന്നത്. 2026 നവംബർ 24-ന് ആരംഭിക്കുന്ന ഈ പുസ്തകമേള 2026 ഡിസംബർ 1 വരെ നീണ്ട് നിൽക്കും.

അജ്മാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം, കൾച്ചർ ആൻഡ് മീഡിയയുമായി സഹകരിച്ച് കൊണ്ട്, ‘ബിഗ് ബാഡ് വുൾഫ് ബുക്‌സി’ന്റെ പങ്കാളിയായ ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) പിന്തുണയോടെ അജ്മാൻ കൾച്ചർ സെന്ററിൽ നടന്ന പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇത്തവണത്തെ ‘ബിഗ് ബാഡ് വുൾഫ് ബുക്സ്’ പുസ്തകമേളയിൽ അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തുന്നതാണ്. തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് 90% വരെ കിഴിവ് ലഭിക്കുന്നതാണ്.

ദിനവും രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഈ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.