ദേശീയ ദിനാഘോഷ വേളയിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന രീതിയിൽ മാസ്കുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 നവംബർ 17-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
🔷#النيابة_العامة 🔷#يوم_عمان https://t.co/PMaw9vNI8Q
— النيابة العامة – سلطنة عُمان (@oman_pp) November 17, 2026
ഒമാനിലെ നിയമങ്ങൾ പ്രകാരം, പൊതുസ്ഥലത്ത് മുഖമോ, വ്യക്തിത്വമോ മനഃപൂർവം മറയ്ക്കുന്നതിനായി മാസ്കുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിക്കുന്നത് ഒരു മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ, ഒമാനോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോഴും ആഘോഷങ്ങളിൽ ഏർപ്പെടുമ്പോഴും, രാജ്യത്തെ നിയമങ്ങൾ പാലിച്ചുകൊണ്ട് മാന്യമായ രീതിയിൽ പെരുമാറണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിനോ, വ്യക്തിത്വം തിരിച്ചറിയുന്നത് തടയുന്നതിനോ വേണ്ടി മാസ്കുകളോ, മുഖാവരണങ്ങളോ ധരിക്കുന്നതും, അത്തരം ഉദ്ദേശ്യത്തോടെ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും ഈ മുന്നറിയിപ്പിന്റെ പരിധിയിൽ വരുന്നതാണ്. ഒമാനി ശിക്ഷാ നിയമത്തിലെ വകുപ്പ് ‘295’ പ്രകാരം, ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതായി കണ്ടെത്തുന്ന ഏതൊരാൾക്കും ഒരു വർഷം തടവുശിക്ഷ ലഭിക്കാവുന്നതാണ്.

