സൗദി അറേബ്യ: സ്വകാര്യ സ്പോർട്സ് സെന്ററുകളിൽ 15 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത് ആരംഭിച്ചു

GCC News

സൗദി അറേബ്യയിലെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും 15 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത് ആരംഭിച്ചു. 2026 നവംബർ 18-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ വളർന്നുവരുന്ന കായിക മേഖലയിൽ സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും 12 കായിക തൊഴിൽ പദവികളിൽ 15 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കുമെന്ന് MHRSD കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.

സൗദി അറേബ്യയിലെ നാലോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കായിക കേന്ദ്രങ്ങൾക്കും ജിമ്മുകൾക്കും ബാധകമാകുന്ന ഈ പുതിയ നിബന്ധനയാണ് ഇപ്പോൾ 2026 നവംബർ 18 മുതൽ നടപ്പിലാക്കിയിരിക്കുന്നത്. സൗദി കായികമന്ത്രാലയവുമായി ചേർന്നാണ് MHRSD ഈ തീരുമാനം നടപ്പിലാക്കുന്നത്.

നാലോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ പുരുഷ-വനിതാ സ്പോർട്സ് സെന്ററുകളിലെയും, ജിമ്മുകളിലെയും സ്പോർട്സ് കോച്ച്, ഫിറ്റ്‌നസ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, പേർസണൽ ട്രെയിനർ, പ്രൊഫഷണൽ അത്ലറ്റിക് കോച്ച് തുടങ്ങിയ പദവികളിലും, റാക്കറ്റ് സ്‌പോർട്‌സ്, വാട്ടർ സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ്, ഐസ് സ്‌പോർട്‌സ്, കുതിരസവാരി സ്‌പോർട്‌സ്, സെല്ഫ് ഡിഫെൻസ്, ബോൾ സ്‌പോർട്‌സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ പ്രൊഫഷണൽ പരിശീലകർ പദവികളിലും ഉൾപ്പടെ 12 പ്രൊഫഷനുകളെ ഈ തീരുമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം സ്ഥാപനങ്ങളിലെ ഈ പദവികളിൽ 15 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

ഇത്തരം സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളം പരിശോധനകൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയും നിയമപ്രകാരമുള്ള മറ്റ് നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.