സൗദി അറേബ്യ: 2027 മെയ് മുതൽ 17 സാമ്പത്തിക തൊഴിൽ പദവികളിൽ 50% സ്വദേശിവത്കരണം നടപ്പിലാക്കും

GCC News

2027 മെയ് 23 മുതൽ 17 സാമ്പത്തിക തൊഴിൽ പദവികളിൽ 50% സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. 2026 നവംബർ 22-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേർഡ് ആൻഡ് പ്രൊഫഷണൽ അക്കൗണ്ടന്റ്‌സുമായി (SOCPA) ചേർന്നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാന പ്രകാരം, നിർദ്ദിഷ്ട തൊഴിൽ പദവികളിൽ രണ്ടോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ കുറഞ്ഞത് 50 ശതമാനം സൗദി പൗരന്മാരെ നിയമിക്കണമെന്ന നിബന്ധന ബാധകമാകുന്നതാണ്.

ഫിനാൻഷ്യൽ അനാലിസിസ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കണ്ട്രോൾ സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനിങ്ങ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്രോഡക്റ്റ് ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ട്രഷറി സ്പെഷ്യലിസ്റ്റ്, ക്രെഡിറ്റ് മാനേജർ, ഫിനാൻഷ്യൽ സർവീസസ് കണ്ട്രോൾ മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റിഗേറ്റർ, ഗവണ്മെന്റ് റെവന്യൂ സ്പെഷ്യലിസ്റ്, ഫിനാൻഷ്യൽ ബ്രോക്കറേജ് മാനേജർ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ഇൻവെസ്റ്റ്മെന്റ് എക്സ്പേർട്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ എക്സ്പേർട്ട് തുടങ്ങിയ സാമ്പത്തിക തൊഴിൽ പദവികളിലാണ് 2027 മെയ് 23 മുതൽ അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക്, സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായി തയ്യാറെടുക്കുന്നതിനും, നിശ്ചിത ‘സൗദിവത്കരണ’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി, തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.