യു എ ഇ: ‘ഈദ് അൽ എത്തിഹാദ് 2026’ സ്മാരക തപാൽ സ്റ്റാമ്പ് ഡിസൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു

GCC News

യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക സ്മാരക തപാൽ സ്റ്റാമ്പ് ഡിസൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു. 2026 നവംബർ 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

‘ഈദ് അൽ ഇത്തിഹാദ് 55’ സ്മാരക സ്റ്റാമ്പ് ഡിസൈൻ മത്സരത്തിലെ വിജയിയായി അമ്‌ന അൽ കാബിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസൈൻ കമ്മീഷൻ അബുദാബി (DCAD), എമിറേറ്റ്സ് പോസ്റ്റ് എന്നിവർ സംയുക്തമായാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്.

അബുദാബിയിലെ ബസ്സാം ഫ്രൈഹ ആർട്ട് ഫൗണ്ടേഷനിൽ നടന്ന പുരസ്‌കാര ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സ്റ്റാമ്പ് ഡിസൈൻ മത്സരത്തിന്റെ അന്തിമഘട്ടത്തിലെത്തിയ മൂന്നുപേരെയും അവരുടെ സർഗ്ഗാത്മക സംഭാവനകളെയും ആദരിക്കുന്നതിനായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടർ ജനറലും 7X ചെയർമാനുമായ ബദർ സലിം അൽ ഒലാമ, 7X ഗ്രൂപ്പ് സി ഇ ഒ താരിഖ് അൽവാഹ്ദി, എമിറേറ്റ്‌സ് പോസ്റ്റിലെ ഉന്നത പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യു എ ഇയുടെ ജനത, സംസ്കാരം, നവീകരണം, പൈതൃകം, അഭിലാഷങ്ങൾ, ഭാവിയെക്കുറിച്ചുള്ള ദർശനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലൂടെ അതിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സ്റ്റാമ്പ് രൂപകല്പനകളാണ് ഈ മത്സരത്തിലേക്ക് ക്ഷണിച്ചിരുന്നത്. പ്രൊഫഷണൽ ഡിസൈനർമാർ, വിഷ്വൽ ആർട്ടിസ്റ്റുകൾ, ചിത്രകാരന്മാർ, വിദ്യാർത്ഥികൾ, വളർന്നുവരുന്ന കലാകാരന്മാർ എന്നിവരിൽ നിന്നായി 150-ലധികം എൻട്രികൾ ഇതിലേക്ക് ലഭിച്ചിരുന്നു.

സർഗ്ഗാത്മകത, മൗലികത, കഥ പറയുന്ന രീതി, ദൃശ്യപരമായ മികവ് എന്നീ ഘടകങ്ങൾക്ക് പുറമെ, യു എ ഇയുടെ തനിമയും ‘ഈദ് അൽ ഇത്തിഹാദ് 55’-ന്റെ ചൈതന്യവും പ്രതിഫലിപ്പിക്കാനുള്ള കഴിവ് എന്നിവ കൂടി പരിഗണിച്ചാണ് മൂന്ന് പേരെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.

Source: Abu Dhabi Media Office.

തലമുറകൾ തമ്മിലുള്ള ബന്ധത്തെയും കാലത്തെ അതിജീവിച്ച പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഡിസൈനുകളുമായി അൽ ഐൻ മേഖലയിൽ നിന്നുള്ള എമിറാത്തി ഗ്രാഫിക് ഡിസൈനറായ അമ്‌ന അൽ കാബി ഈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. എമിറാത്തികളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിൽ അമ്‌ന അൽ കാബി രചിച്ച സ്റ്റാമ്പ് ഡിസൈനുകളിൽ യു എ ഇയിലെ പരമ്പരാഗത വസ്ത്രധാരണം, കുടുംബ ഒത്തുചേരലുകൾ, സാംസ്കാരിക ചിഹ്നങ്ങൾ, ദേശീയ ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറാത്തി ഡിസൈനർ ആയിഷ അൽ സുവൈദി രണ്ടാം സ്ഥാനം നേടി. ഏഴ് എമിറേറ്റുകളിലെയും ചരിത്രപരമായ അടയാളങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതായിരുന്നു അവരുടെ ഡിസൈനുകൾ.

അബുദാബിയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ ദന്തഡോക്ടറായ നൗറാൻ എൽമതാർക്കിയാണ് ഈ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു എ ഇയുടെ പൈതൃകത്തിൽ നിന്ന് പുരോഗതിയിലേക്കുള്ള യാത്രയെ ആവിഷ്കരിക്കുന്ന സ്റ്റാമ്പ് ഡിസൈനുകളുമായാണ് അവർ ഈ നേട്ടം കൈവരിച്ചത്.

മൂന്ന് ഫൈനലിസ്റ്റുകൾക്ക് ഒന്നാം സ്ഥാനത്തിന് AED10,000, രണ്ടാം സ്ഥാനത്തിന് AED7,000, മൂന്നാം സ്ഥാനത്തിന് AED3,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. മത്സരത്തിൽ വിജയിച്ച മൂന്ന് ഡിസൈനുകളും എമിറേറ്റ്‌സ് പോസ്റ്റ് ‘ഈദ് അൽ ഇത്തിഹാദ് 55’-ൽ സ്മാരക തപാൽ സ്റ്റാമ്പുകളായി പുറത്തിറക്കുന്നതാണ്.