മുഹമ്മദ് ബിൻ റാഷിദ് മുപ്പത്തിരണ്ടാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സന്ദർശിച്ചു

GCC News

യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സന്ദർശിച്ചു. 2026 നവംബർ 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2026 നവംബർ 25-ന് മുപ്പത്തിരണ്ടാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഉദ്ഘാടനം ചെയ്തിരുന്നു. ദുബായ് ഹാർബറിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ ബോട്ട് ഷോ നവംബർ 29 വരെ നീണ്ട് നിൽക്കും.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്റർ സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. 100-ലധികം യാനങ്ങളും ജലവാഹനങ്ങളും ഈ ബോട്ട് ഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Source: Dubai Media Office.

യാച്ചുകളുടെ രൂപകൽപ്പന, എൻജിനീയറിംഗ്, നിർമ്മാണം എന്നീ മേഖലകളിൽ യു എ ഇ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയെ ഈ പ്രദർശനം എടുത്തുകാണിക്കുന്നു. ഇത്തവണത്തെ മേളയിൽ ആഗോളതലത്തിലും പ്രാദേശികതലത്തിലും ആദ്യമായി അവതരിപ്പിക്കപ്പെടുന്ന യാച്ചുകളിൽ പലതും യു എ ഇയിൽ നിർമ്മിച്ചവയാണ്.

ചൈന, ഇറ്റലി, അമേരിക്ക എന്നിവയെ പ്രതിനിധീകരിക്കുന്ന ദേശീയ പവിലിയനുകൾക്ക് പുറമെ, ദക്ഷിണ കൊറിയ, സ്ലോവേനിയ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ പങ്കാളിത്തവും ഇത്തവണത്തെ ബോട്ട് ഷോയുടെ പ്രത്യേകതയാണ്. 20-ലധികം പുതിയ പ്രദർശകർ ഉൾപ്പെടെ, 50-ലധികം പുതിയ കമ്പനികളെയും ബ്രാൻഡുകളെയും ആകർഷിക്കാൻ ഈ പ്രദർശനത്തിന് സാധിച്ചിട്ടുണ്ട്.

ബോട്ടിംഗ് വ്യവസായ മേഖലയിലെ ഏറ്റവും പുതിയ പ്രദർശന വസ്തുക്കൾ, സാങ്കേതികവിദ്യകൾ, നൂതന രൂപകല്പനകൾ, ഉൽപ്പന്നങ്ങൾ, പദ്ധതികൾ, അത്യാധുനിക പരിഹാരങ്ങൾ എന്നിവയും, മറൈൻ എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിർമ്മാണം, പ്രത്യേക സേവനങ്ങൾ എന്നീ മേഖലകളിലുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതികളും ഈ മേളയിൽ അവതരിപ്പിക്കപ്പെടുന്നു. യാച്ചുകളുടെ നിർമ്മാണത്തിലും സമുദ്രോപകരണങ്ങളുടെ മേഖലയിലും പ്രാവീണ്യമുള്ള അസിമത്ത്, ബെനെറ്റി, ഫെറെറ്റി ഗ്രൂപ്പ്, ലൂർസെൻ, റോമിയോ മറൈൻ, AMIT ഗ്രൂപ്പ്, എക്സാൾട്ടോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ ഈ മേളയിൽ ഉൾപ്പെടുന്നു.