കോൺസുലാർ സേവനങ്ങൾക്കുള്ള തിരക്കുകൾ കണക്കിലെടുത്ത്, ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ, ഇന്ത്യൻ കൾച്ചറൽ സെന്റററിലും ഇത്തരം സേവനങ്ങൾക്കായി പ്രവാസികൾക്ക് സമീപിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. മുൻകൂട്ടി അനുമതി നേടുന്ന ഏതാനം പേർക്കാണ് ഈ കേന്ദ്രത്തിൽ നിന്ന് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ത്യൻ കൾച്ചറൽ സെന്റർ ജൂൺ 21-നു ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി അനുവാദം നേടുന്നവർക്ക് മാത്രമായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക എന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 44686607, 50883026, 77534001 എന്നീ നമ്പറുകളിൽ വിളിച്ച് (ശനി മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ, ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെ) സേവനങ്ങൾക്കുള്ള മുൻകൂർ അനുവാദം നേടാവുന്നതാണ്.
ഇത്തരം മുൻകൂർ അനുവാദങ്ങൾക്കായുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കിവരികയാണെന്നും, ഓൺലൈൻ ബുക്കിങ്ങ് ആരംഭിക്കുന്നതോടെ, ഈ ടെലിഫോൺ നമ്പറുകൾ വഴിയുള്ള മുൻകൂർ ബുക്കിങ്ങ് നിർത്തലാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങ് സംബന്ധിച്ച അറിയിപ്പുകൾ പിന്നീട് നൽകുന്നതാണ്.
ഇന്ത്യൻ കൾച്ചറൽ സെന്ററർ വഴി നൽകുന്ന കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:
- നിലവിൽ കാലാവധി തീർന്നതോ, അടുത്ത 2 മാസത്തിനിടയിൽ കാലാവധി തീരുന്നതോ ആയ പാസ്പോർട്ടുകൾക്ക് മാത്രമായിരിക്കും സേവനങ്ങൾ നൽകുന്നത്. ഇത് കൂടാതെ, നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്പോർട്ടിനുള്ള അപേക്ഷകളും, തീർത്തും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ളവരുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്.
- അപേക്ഷകന് മാത്രമായിരിക്കും ഇന്ത്യൻ കൾച്ചറൽ സെന്ററർ പരിസരത്തേക്ക് പ്രവേശനം അനുവദിക്കുക. കുട്ടികളുടെ അപേക്ഷകൾക്ക്, മുതിർന്ന ഒരാൾക്ക് അവരുടെ കൂടെ വരുന്നതിനു അനുമതി നൽകിയിട്ടുണ്ട്.
- കേന്ദ്രത്തിൽ നിന്ന് പാസ്‌പോർട്ടുകൾ ലഭിക്കുന്ന സമയം ശനി മുതൽ വ്യാഴം വരെ, വൈകീട്ട് 4 മുതൽ 6 വരെയാണ്. പാസ്‌പോർട്ടുകൾ തിരികെ വാങ്ങുന്നതിനായി മുൻകൂർ അനുവാദം ആവശ്യമില്ല. എന്നാൽ അപേക്ഷ സ്വീകരിച്ച വേളയിൽ നൽകിയ രസീത് അപേക്ഷകർ കൊണ്ടുവരേണ്ടതാണ്.
- ഖത്തർ സർക്കാരിന്റെ നിയമമനുസരിച്ച് ഇഹ്തിറാസ് COVID-19 ആപ്പില്‍ ഗ്രീന്‍ കോഡ് ഇല്ലാത്ത അപേക്ഷകർക്ക് ഇന്ത്യൻ കൾച്ചറൽ സെന്ററിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.