2024-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 361 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കണക്കുകൾ പ്രകാരം 2024-ലെ ആദ്യ പകുതിയിൽ ആകെ 361.2 ദശലക്ഷം യാത്രികർ തങ്ങളുടെ യാത്രകൾക്കായി ദുബായിലെ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജപ്പെടുത്തിയിട്ടുണ്ട്.
2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 6% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ലെ ഇതേ കാലയളവിൽ ഏതാണ്ട് 340.5 ദശലക്ഷം പേരാണ് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത്.
2024-ലെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം ദിനം പ്രതി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 1.98 ദശലക്ഷമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.88 ദശലക്ഷമായിരുന്നു.