എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു. 2024 ഫെബ്രുവരി 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിൽ ജീവനക്കാർ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത മേഖലകളിൽ ഒഴികെയുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ഫെബ്രുവരി 12-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം അബുദാബി, അൽ ഐൻ, അൽ ദഫ്‌റ തുടങ്ങിയ എല്ലാ മേഖലകളിലും ബാധകമാണ്.
ഇതോടൊപ്പം എമിറേറ്റിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫെബ്രുവരി 12-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
എമിറേറ്റിൽ 2024 ഫെബ്രുവരി 11 മുതൽ 13 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.