അബുദാബി: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ തീരുമാനം; ഗ്രീൻ പാസ് സാധുത നീട്ടി

featured GCC News

എമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി. 2022 ഏപ്രിൽ 28-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതു പരിപാടികൾ എന്നിവയുടെ പ്രവർത്തന ശേഷി 100 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. ഈ പുതിയ തീരുമാനം 2022 ഏപ്രിൽ 29, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഇതിന് പുറമെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ ഗ്രീൻ പാസ് സാധുത നിലവിലെ 14 ദിവസം എന്നതിൽ നിന്ന് 30 ദിവസമാക്കി ഉയർത്തുന്നതിനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

അബുദാബിയിലെ COVID-19 രോഗവ്യാപനം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാൽ ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.