അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2025 മുതൽ 10 ദിവസമാക്കാൻ തീരുമാനം

featured GCC News

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 മുതൽ 10 ദിവസമാക്കാൻ തീരുമാനിച്ചതായി അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ (ALC) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടുത്ത വർഷം നടക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മുപ്പത്തിനാലാമത് പതിപ്പ് മുതൽ മേളയുടെ കാലാവധി 10 ദിവസമാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സാംസ്കാരിക വിനിമയം വർദ്ധിപ്പിക്കുന്നതിനും, പ്രസിദ്ധീകരണ മേഖലയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

പ്രാദേശിക, അറബ് രചയിതാക്കൾക്ക് അന്താരാഷ്ട്ര പ്രസാധകരുമായി ബന്ധപ്പെടുന്നതിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ തീരുമാനത്തിലൂടെ സാധിക്കുന്നതാണ്. പ്രദർശകർക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കുന്നതിനുമായി ഈ പുസ്തകമേളയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്ന ഒട്ടുമിക്ക സന്ദർശകരും, പ്രദർശകരും അറബി ഭാഷയെയും, സാംസ്കാരിക പരിപാടികളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു നീണ്ട മേളയാണ് ഇഷ്ടപ്പെടുന്നതെന്ന് 2024-ൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായിരുന്നു. മേളയുടെ കാലയളവ് നീട്ടാനുള്ള ഈ തീരുമാനം 10 മുതൽ 12 ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രാദേശിക എക്സിബിഷൻ മാനദണ്ഡങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്.

മുപ്പത്തിനാലാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 26 മുതൽ മെയ് 5 വരെയായിരിക്കും സംഘടിപ്പിക്കുന്നത്.