കുവൈറ്റ്: സ്വകാര്യ ഫാർമസികൾ നടത്തുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫാർമസികൾ നടത്തുന്നതിനുള്ള ലൈസൻസുകൾ കുവൈറ്റ് പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താനും, ഇത്തരം പദവികളിൽ പ്രവർത്തിക്കുന്നതിന് കുവൈറ്റ് പൗരന്മാരെ മാത്രം അനുവദിക്കാനും തീരുമാനിച്ച് കൊണ്ടുള്ള ഒരു ഉത്തരവ് കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അൽ സയീദ് പുറത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ ഫാർമസിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിലവിൽ പ്രവർത്തിക്കുന്ന ഫാർമസികൾക്ക് ഈ തീരുമാന പ്രകാരം തങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള വിദേശികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കാനും, പുതിയ സ്വകാര്യ ഫാർമസികൾ ആരംഭിക്കാൻ വിദേശികൾ നൽകുന്ന അപേക്ഷകൾ തള്ളാനും മന്ത്രാലയം ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്.