അബുദാബി പരിസ്ഥിതി വകുപ്പ് രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ തുറന്നു വിട്ടു

featured GCC News

അബുദാബി എൻവിറോൺമെൻറ് ഏജൻസി (EAD) രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. എമിറേറ്റിലെ പ്രധാനപ്പെട്ട കടലാമകളുടെ സംരക്ഷിത മേഖലകളിലൊന്നാണ് സാദിയത് ബീച്ച്.

EAD-യുടെ ചെയർമാനും, ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിദ്ധ്യത്തിലാണ് അബുദാബി പരിസ്ഥിതി വകുപ്പ് രക്ഷപ്പെടുത്തി, പുനരധിവസിപ്പിക്കുന്നതിനായൊരുക്കിയ ഈ കടലാമകളെ തുറന്ന് വിട്ടത്. ഈ ചടങ്ങിൽ ഷെയ്ഖ് ഹംദാൻ ബിൻ സായിദിനൊപ്പം അദ്ദേഹത്തിന്റെ കുട്ടികളും പങ്ക് ചേർന്നു.

Source: Abu Dhabi Media Office.

പൊതുജനങ്ങളുടെയും, മത്സ്യത്തൊഴിലാളികളുടെയും, EAD ഉദ്യോഗസ്ഥരുടെയും മറ്റും പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷം അബുദാബി എൻവിറോൺമെൻറ് ഏജൻസി രക്ഷപ്പെടുത്തി സംരക്ഷിച്ച 250 കടലാമകളിൽ നിന്നുള്ള ഏതാനം ആമകളെയാണ് ഇത്തരത്തിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടത്. നാഷണൽ അക്വേറിയത്തിലെ സീ ടർട്ടിൽ റീഹാബിലിറ്റേഷൻ സെന്ററിലാണ് ഈ ആമകളെ പുനരധിവസിപ്പിച്ചിരുന്നത്.

Source: Abu Dhabi Media Office.

ഈ കേന്ദ്രത്തിൽ നിന്ന് അവയുടെ പരിക്കുകൾ മാറുന്നതിനും, വിവിധ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ ചികിത്സ നൽകിയിരുന്നു. ഇത്തരത്തിൽ തുറന്ന് വിട്ട ആമകളിൽ ഒന്നിന് അബുദാബിയിലെ മറവാഹ്‌ ഐലണ്ടിന്റെ പ്രതീകമായി മറവാഹ്‌ എന്ന നാമം നൽകിയിട്ടുണ്ട്. ഇവയുടെ വാസസ്ഥാനങ്ങൾ, മേച്ചിൽസ്ഥലങ്ങൾ എന്നിവ അടയാളപ്പെടുത്തുന്നതിനും, മറ്റു പഠനങ്ങൾക്കുമായി ഇതിന്റെ ദേഹത്ത് ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ശേഷമാണ് തുറന്ന് വിട്ടിരിക്കുന്നത്.

WAM