എമിറേറ്റിലെ 1105 വാണിജ്യ, വ്യാവസായിക പ്രവർത്തന മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു. വിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമപ്രകാരം, അബുദാബിയിൽ വിദേശ പൗരമാർക്ക് പൂർണ്ണമായോ, ഭാഗികമായി സ്വന്തമാക്കാൻ കഴിയുന്ന വാണിജ്യ സ്ഥാപനങ്ങൾ സംബന്ധിച്ച് വ്യക്തത നൽകുന്നതിനായാണ് ADDED ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മെയ് 20-ന് വൈകീട്ടാണ് ADDED ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി മെയ് 19-ന് അറിയിച്ചിരുന്നു.
രാജ്യത്തെ ഫെഡറൽ കൊമേർഷ്യൽ കമ്പനി നിയമത്തിൽ യു എ ഇ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ പ്രഖ്യാപിച്ച മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ ഭേദഗതി പ്രകാരം, യു എ ഇയിലെ മെയിൻലാൻഡ് കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ്.
1105 വാണിജ്യ, വ്യാവസായിക പ്രവർത്തന മേഖലകളിൽ പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന ഈ ADDED തീരുമാനം, യു എ ഇ ഫെഡറൽ നിയമം ‘2020/ 26’-ന്റെ അടിസ്ഥാനത്തിലാണ്. 2015-ലെ കൊമേർഷ്യൽ കമ്പനി നിയമം 2-ൽ ഭേദഗതി വരുത്തുന്ന ഈ നിയമം രാജ്യത്ത് വിദേശികൾക്ക് എമിറാത്തി പങ്കാളികളില്ലാതെ വാണിജ്യ സ്ഥാപനങ്ങൾ പൂർണ്ണമായി സ്വന്തമാക്കുന്നതിന് അനുവദിക്കുന്നു.
നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശങ്ങളിലും ഈ നിയമപ്രകാരം നിബന്ധനകൾ പാലിച്ച് കൊണ്ട് ഭേദഗതികൾ വരുത്തുന്നതിന് അനുവദിക്കുന്നതാണെന്നും ADDED വ്യക്തമാക്കിയിട്ടുണ്ട്. https://www.adbc.gov.ae/CitizenAccess/Welcome.aspx എന്ന വിലാസത്തിൽ നിന്ന് അബുദാബിയിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കപ്പെട്ടിട്ടുള്ള വാണിജ്യ, വ്യാവസായിക പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിവരങ്ങൾ അറിയാവുന്നതാണ്.
Cover Photo: WAM