അബുദാബി: COVID-19 വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വോക് ഇൻ സംവിധാനം ആരംഭിച്ചു

GCC News

എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള വോക് ഇൻ സംവിധാനം ആരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. DoH, G42 ഹെൽത്ത്കെയർ, അബുദാബി ഹെൽത്ത് സർവീസസ് (SEHA) എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ഈ വോക് ഇൻ കേന്ദ്രത്തിലൂടെ വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരാകാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്നതിനും, ഇതിനു ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (ADNEC) ഈ വോക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, മുൻകൂർ അനുവാദം ഇല്ലാതെ തന്നെ ഈ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധത അറിയിക്കാവുന്നതാണ്.

ദിനവും 1000-ത്തോളം സന്നദ്ധസേവകരെ രജിസ്റ്റർ ചെയ്യുന്നതിന് ADNEC കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്. വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നതിനായി https://4humanity.ae/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത്, ഇതുവരെ DoH-ൽ നിന്ന് ഇത് സംബന്ധമായ അറിയിപ്പുകൾ ലഭിക്കാത്തവർക്കും ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അബുദാബി നിവാസികൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിലൂടെ രജിസ്റ്റർ ചെയ്യാൻ കഴിയുക.

ഈ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തവർക്ക്, COVID-19 പരിശോധനകളിൽ നെഗറ്റീവ് ആകുന്ന പക്ഷം മൂന്ന് ദിവസത്തിനുള്ളിൽ വാക്സിൻ നൽകുന്നതാണ്. അബുദാബി ഹെൽത്ത് സർവീസസ്, SEHA-യിലെ ആരോഗ്യ പരിശീലകരാണ് ഈ കേന്ദ്രത്തിലെ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ദിനവും രാവിലെ 8 മുതൽ വൈകീട്ട് 8 വരെ ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു. ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി. 10000-ത്തിൽ പരം സന്നദ്ധസേവകർ ഈ പരീക്ഷണത്തിൽ പങ്കാളികളായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 25-നു അറിയിച്ചിരുന്നു.