അബുദാബി: യാസ് വാട്ടർ വേൾഡ് ഓഗസ്റ്റ് 4-നു തുറക്കും

UAE

അബുദാബിയിലെ യാസ് വാട്ടർ വേൾഡ് തീം പാർക്ക് ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം നിഷ്‌കർഷിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ശേഷമാണ് യാസ് വാട്ടർ വേൾഡ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്.

ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും സന്ദർശകർക്ക് ഈ തീം പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

  • പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്ക് മാത്രം പ്രവേശനം. മുൻകൂർ ബുക്കിങ്ങ് നിർബന്ധമാണ്.
  • പ്രവേശന കവാടങ്ങളിൽ തെർമൽ സ്കാനിംഗ് ഉണ്ടായിരിക്കും.
  • റൈഡുകളിലുൾപ്പടെ സമൂഹ അകലം നിർബന്ധമാണ്.
  • പണമിടപാടുകൾ ഡിജിറ്റൽ രൂപത്തിൽ മാത്രം.
  • തീം പാർക്കിനകത്തുള്ള വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.
  • റൈഡുകളിലും, ഭക്ഷണശാലകളിലും ഒരേസമയം ഉൾക്കൊള്ളാനാവുന്ന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
  • മാസ്കുകൾ മുഴുവൻ സമയവും നിർബന്ധമാണ്. സന്ദർശകർക്ക് പെട്ടന്നുണങ്ങുന്ന തരത്തിലുള്ള മാസ്കുകൾ സൗജന്യമായി നൽകുന്നതാണ്.

അബുദാബിയിലെ തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നു.

Cover Image: Source