ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

featured UAE

യു എ ഇ സെൻട്രൽ ബാങ്കിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ വരുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നതിനായി തട്ടിപ്പ് സംഘങ്ങൾ അബുദാബി പോലീസിന്റെ പേരിലുള്ള സന്ദേശങ്ങളും വ്യാജമായി ഉപയോഗിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാനെന്ന തരത്തിൽ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ചും, വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് വരുന്ന ഫോൺ കോളുകളെക്കുറിച്ചും ജാഗ്രത പുലർത്താൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നത് ലക്ഷ്യമിട്ട്, സർക്കാർ സ്ഥാപനങ്ങളെ അനുകരിച്ച് കൊണ്ട്, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അയക്കുന്ന വ്യാജ ഇലക്ട്രോണിക് സൈറ്റുകളിലേക്കുള്ള ലിങ്കുകളടങ്ങിയ SMS സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പുകളെല്ലാം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടുന്നതിനും, അവ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടുള്ളതാണെന്നും, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഇതിനായി ദിനംപ്രതി നൂതന മാർഗങ്ങൾ അവലംബിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം പിൻ, സിവിവി നമ്പർ അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്ക്‌വെക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. ബാങ്ക് ജീവനക്കാരും, ബാങ്കുകളും ഉപഭോക്താക്കളിൽ നിന്ന് ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ, ഇത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് അബുദാബി പോലിസ് അറിയിച്ചു. അധികൃതരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കുന്നതിനായി അമാൻ സുരക്ഷാ സേവന നമ്പർ 8002626 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ 2828 ലേക്ക് ഒരു SMS സന്ദേശം അയയ്ക്കുകയോ ചെയ്യാവുന്നതാണ്.

WAM