അബുദാബിയുടെ വിവിധ മേഖലകളിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

GCC News

അബുദാബിയുടെ വിവിധ മേഖലകളിൽ 2024 ഒക്ടോബർ 9, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ 6-നാണ് അബുദാബി മീഡിയ ഓഫിസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2024 ഒക്ടോബർ 7 മുതൽ ഒക്ടോബർ 9 വരെ അബുദാബിയുടെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയുടെ ഉൾപ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

അൽ ഐനിൽ വിവിധ ഇടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ദഫ്‌റ മേഖലയിലും സാമാന്യം ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

  • റോഡിൽ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക. പുതുക്കിയ വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ കർശനമായി പാലിക്കുക.
  • വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങൾ, താഴ്വരകൾ എന്നിവ ഒഴിവാക്കുക.
  • പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകൾ കൈവശം സൂക്ഷിക്കുക.
  • ടോർച്ചുകൾ ഉൾപ്പടെയുള്ള മറ്റു ലൈറ്റിംഗ് ഉപകരണങ്ങൾ കൈവശം സൂക്ഷിക്കുക.