എമിറേറ്റിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു. 2022 ഫെബ്രുവരി 9-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ എല്ലാ പ്രവർത്തനങ്ങൾ, പരിപാടികൾ, സാമൂഹിക ഒത്ത് ചേരലുകൾ എന്നിവയിൽ പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം പടിപടിയായി ഉയർത്തുന്നതിനും, 2022 ഫെബ്രുവരി 15 മുതൽ ഇത്തരം പ്രവർത്തനങ്ങൾ പൂർണ്ണ ശേഷിയിൽ അനുവദിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദുബായ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുസമൂഹം ഇതുവരെ പുലർത്തിയ ഉത്തരവാദിത്വബോധത്തെ കമ്മിറ്റി പ്രശംസിച്ചു. മാസ്കുകളുടെ ശരിയായ ഉപയോഗം ഉൾപ്പടെയുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് തുടരാൻ ജനങ്ങളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.