അബുദാബി: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

featured UAE

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. വരും ദിനങ്ങളിൽ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ജൂലൈ 16-ന് വൈകീട്ടാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വേഗത്തിൽ ഉപയോഗിക്കരുതെന്നും, പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കവിയാതെ ഡ്രൈവ് ചെയ്യുന്നതിനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളിലൂടെ നൽകുന്ന കാലാവസ്ഥാ പ്രവചനങ്ങളും, സുരക്ഷാ നിർദ്ദേശങ്ങളും ശ്രദ്ധിക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തി, എമിറേറ്റിലെ റോഡുകളിലെ ട്രാഫിക് സൈൻ, സ്മാർട്ട് ടവർ മുതലായവയിലെ വേഗത അളക്കുന്ന റഡാർ സംവിധാനങ്ങൾ മേല്പറഞ്ഞ പരമാവധി വേഗതയിലേക്ക് നിജപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.

WAM