നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

featured UAE

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2022 ഡിസംബർ 27-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.

സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു. വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ പൂർണ്ണമായും ദൃശ്യമാണെന്ന് ഉറപ്പ് വരുത്താൻ പോലീസ് വാഹന ഉടമകളോട് ആഹ്വാനം ചെയ്തു.

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്നും അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരമാണ് ഈ പിഴ ചുമത്തുന്നത്.

എമിറേറ്റിൽ ആറ് മാസത്തിനിടയിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് 2022 ഓഗസ്റ്റ് 2-ന് അറിയിച്ചിരുന്നു.

നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതിയ്ക്ക് 2021 ഡിസംബറിൽ അബുദാബി പോലീസ് രൂപം നൽകിയിരുന്നു.

Cover Image: Abu Dhabi Police.