ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നവരെ സ്വാഗതം ചെയ്യുന്നതിനായി ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു

featured UAE

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു. 2023 ജനുവരി 15-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാല് കാലുകളിൽ സഞ്ചരിക്കുന്ന ഈ നൂതന സാങ്കേതികവിദ്യകളുള്ള റോബോട്ട് നായ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ നിരവധി റോബോട്ടുകളിലൊന്നാണ്. 3D വിഷൻ, 17 ജോയിന്റുകൾ ഉപയോഗിച്ചുള്ള സഞ്ചാര സംവിധാനം മുതലായ സാങ്കേതികവിദ്യകൾ അടങ്ങിയതാണ് ബോസ്റ്റൺ റോബോട്ടിക്‌സ് നിർമ്മിച്ചിട്ടുള്ള ഈ ‘റോബോഡോഗ്’.

Source: Dubai Media Office.

മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് ‘റോബോഡോഗ്’ റോബോട്ട് നായയുമായി സമ്പർക്കം പുലർത്തുന്നതിനും, കളിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. മെഷീൻ ലേർണിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ‘റോബോഡോഗ്’ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ചലനക്ഷമതയോടെയാണ് മ്യൂസിയത്തിനകത്ത് കൂടി സഞ്ചരിക്കുന്നത്.

Source: WAM.

മ്യൂസിയം സന്ദർശകരെ സ്വീകരിക്കുന്നതിനും, അവരുമായി ഇടപഴകുന്നതിനുമായി മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ലോബിയിലാണ് ഈ റോബോട്ട് നായയെ നിയോഗിച്ചിരിക്കുന്നത്.

Source: Dubai Media Office.

“അതിയായ സന്തോഷത്തോടെയാണ് മ്യൂസിയത്തിലെ റോബോട്ട് കുടുംബത്തിലേക്ക് റോബോഡോഗിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന റോബോട്ടുകളെയും, നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന ഉപകാരണങ്ങളെയും മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകർക്ക് പരിചയപ്പെടാൻ അവസരം ലഭിക്കുന്നു.”, മ്യൂസിയത്തിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ മജീദ് അൽ മൻസൂരി അറിയിച്ചു. “മനുഷ്യകുലത്തിന്റെ നാളേക്കായി ഒരുങ്ങുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് അടുത്തറിയാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

Source: WAM.

മ്യൂസിയത്തിനകത്തെ സഞ്ചാരപഥത്തെക്കുറിച്ച് സ്വയം തിരിച്ചറിയുന്നതിനും, തടസങ്ങൾ ഒഴിവാക്കി സഞ്ചരിക്കുന്നതിനുമായി യു എസ് ടെക് കമ്പനിയായ ബോസ്റ്റൺ റോബോട്ടിക്‌സ് നിർമ്മിച്ചിട്ടുള്ള ‘റോബോഡോഗ്’ 360 ഡിഗ്രി നൽകുന്ന ലഭിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സെൻസറുകൾ നൽകുന്ന 2D, 3D വിവരങ്ങൾ അപഗ്രഥിക്കുന്നതിനും, നിരപ്പല്ലാത്ത പ്രതലങ്ങളിൽ വീഴാതെ സ്വയം നിയന്ത്രിക്കുന്നതിനും, സഞ്ചരിക്കുന്നതിനും ഈ റോബോട്ടിന് സാധ്യമാണ്.

കോണികൾ കയറിയിറങ്ങുന്നതിനും, ചരൽക്കല്ലുകൾ ഉൾപ്പടെയുള്ള നിരപ്പല്ലാത്ത പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്നതിനുമായി ചലനശക്തി സംബന്ധമായതും, ഗ്രഹണശക്തി സംബന്ധമായതുമായ നൂതന സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗിച്ചാണ് റോബോഡോഗ് പ്രവർത്തിക്കുന്നത്.

Source: WAM.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മനുഷ്യനെ പോലെയുള്ള റോബോട്ടായ അമേക, സന്ദർശകർക്ക് കാപ്പി നൽകുന്ന ബാരിസ്റ്റ റോബോട്ടായ ബോബ്, പറക്കുന്ന പെന്‍ഗ്വിന്‍ റോബോട്ട്, പറക്കുന്ന ജെല്ലിഫിഷ് റോബോട്ട് എന്നിവ ഉൾപ്പടെ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിരവധി റോബോട്ടുകളുണ്ട്.

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തിരുന്നു.

സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വിശേഷിപ്പിച്ചത്.

With inputs from WAM. Cover Image: WAM.