റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് സർവീസ് ആരംഭിച്ചതായി RAKTA

GCC News

റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു. 2023 ജനുവരി 14-നാണ് RAKTA ഇക്കാര്യം അറിയിച്ചത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് RAKTA ഈ ബസ് സർവീസുകൾ നടത്തുന്നത്. റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പൊതു ഗതാഗത സംവിധാനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഈ നടപടി.

2022 ഡിസംബർ മുതൽ ഈ സർവീസിന്റെ ട്രയൽ നടത്തിയിരുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിനങ്ങളിൽ മാത്രമാണ് ഈ പ്രത്യേക സർവീസ് നടത്തുന്നത്.

താഴെ പറയുന്ന രീതിയിലാണ് RAKTA റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കും തിരികെയുമുള്ള ബസ് സർവീസ് നടത്തുന്നത്:

  • റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ വൈകീട്ട് 3 മണിക്കും, 5 മണിക്കും. ടിക്കറ്റ് നിരക്ക് 30 ദിർഹം.
  • ഗ്ലോബൽ വില്ലേജിൽ നിന്ന് തിരികെ റാസ് അൽ ഖൈമയിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാത്രി 10 മണിക്കും, 12 മണിക്കും. ടിക്കറ്റ് നിരക്ക് 30 ദിർഹം.

റാസ് അൽ ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്. ഈ ട്രിപ്പിലെ ടിക്കറ്റുകൾ ‘RAKBus’ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

Cover Image: RAKTA.