അബുദാബി: ജംഗ്ഷനുകളിൽ തെറ്റായ ലെയിനുകളിലൂടെ തിരിയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

എമിറേറ്റിലെ റോഡുകളിലെ ജംഗ്ഷനുകളിൽ തെറ്റായ ലെയിനുകളിലൂടെ തിരിയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. നാൽക്കവലകൾ മുറിച്ച് കടക്കുന്ന അവസരത്തിൽ ലെയിൻ ട്രാഫിക് നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം സിഗ്നലുകളുള്ള നാൽക്കവലകളിൽ ഇടത്തോട്ട് തിരിയുന്നതിനായി ഏറ്റവും ഇടത് വശത്തുള്ള ലെയിൻ ഒഴികെയുള്ള ലെയിനുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. റോഡിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.

എമിറേറ്റിലെ റോഡുകളിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അശ്രദ്ധമായി ലെയിൻ മാറുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ അബുദാബിയിൽ 600 ദിർഹം വരെ പിഴ ലഭിക്കുന്നതിന് കാരണമാകുന്നതാണ്.

Cover Image: WAM