സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു

featured GCC News

രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. ഈ പദ്ധതി 2024 ഏപ്രിൽ 18 മുതൽ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

2024 ഏപ്രിൽ 18-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാക്കിയിരിക്കുന്നത്.

ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2024 ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള ആറ് മാസ കാലയളവിൽ എല്ലാ പിഴതുകകളും ഇളവോടെ അടച്ച് തീർക്കാവുന്നതാണ്. എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

എന്നാൽ ഈ ആറ് മാസത്തെ കാലാവധിയ്ക്കുള്ളിൽ താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്:

  • മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള റോഡുകളിൽ പരമാവധി അനുവദനീയമായ വേഗതയിലും അമ്പത് കിലോമീറ്റർ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർ.
  • മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള റോഡുകളിൽ പരമാവധി അനുവദനീയമായ വേഗതയിലും മുപ്പത് കിലോമീറ്റർ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർ.
  • വാഹനം റോഡുകളിൽ ഡ്രിഫ്റ്റ് ചെയ്ത് ഓടിക്കുന്നവർ.
  • മയക്ക് മരുന്ന്, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുന്നവർ.