ഒമാൻ: ഏതാനം മേഖലകളിൽ ഏപ്രിൽ 19 വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2024 ഏപ്രിൽ 19 വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 17-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 17 മുതൽ ഏപ്രിൽ 19 വരെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ദോഫാർ ഗവർണറേറ്റിൽ പരക്കെയും, അൽ വുസ്ത ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഇത് താഴ്വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും കരണമാകാമെന്നും ഇതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലെ മറ്റിടങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഹജാർ മലനിരകളിലും സമീപ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ മഴ ലഭിക്കാനിടയുണ്ട്.