പൊടിക്കാറ്റിന് സാധ്യത: റോഡിൽ അതീവ ജാഗ്രത പുലർത്താൻ അബുദാബി പോലീസ്, ഷാർജ പോലീസ് എന്നിവർ ആഹ്വാനം ചെയ്തു

UAE

ശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. 2022 ജൂലൈ 26, ചൊവ്വാഴ്ച രാവിലെയാണ് അബുദാബി പോലീസ് ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയത്.

ശക്തമായ കാറ്റ്, പൊടി എന്നിവ മൂലം റോഡിലെ കാഴ്ച മറയാമെന്നും, അതിനാൽ ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും പോലീസ് ചൂണ്ടിക്കാട്ടി. 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും, റോഡിലെ കാഴ്ച്ച മറയാനിടയുണ്ടെന്നും ഇന്ന് (2022 ജൂലൈ 26) രാവിലെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.

വാഹന ഉടമകളുടെ സുരക്ഷ മുൻനിർത്തിയും, റോഡിലെ മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തിയും ഇത്തരം സാഹചര്യങ്ങളിൽ റോഡിലെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തുക, ഫോൺ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തികൾ ഒഴിവാക്കാൻ പോലീസ് ഡ്രൈവർമാരോട് നേരത്തെ നിർദ്ദേശിച്ചിട്ടുണ്ട്.

അസ്ഥിര കാലാവസ്ഥ: റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്

സമാനമായ ഒരു ജാഗ്രതാ നിർദ്ദേശം ഷാർജ പോലീസ് ജനറൽ കമാൻഡും ഇന്ന് രാവിലെ നൽകിയിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്നതിനാൽ റോഡിൽ ജാഗ്രത പുലർത്താൻ ഷാർജ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളുടെ വേഗത കുറയ്ക്കാനും, മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും ഡ്രൈവർമാരോട് ഷാർജ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പെട്ടന്ന് വെള്ളം ഉയരാനിടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.