യു എ ഇ പൊതുമാപ്പ്; പാസ്സ്പോർട്ടില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്

UAE

പിഴതുകകൾ ഒടുക്കാതെ യു എ ഇയിൽ നിന്ന് തിരികെപോകുന്നതിനായി അനുവദിച്ച നവംബർ 17 വരെയുള്ള പൊതുമാപ്പ് കാലയളവ് ഉപയോഗിച്ച് കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ പാസ്സ്‌പോർട്ട് കൈമോശം വന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി. മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്കാണ് യു എ ഇ സർക്കാർ പിഴതുകകൾ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

യു എ ഇയിൽ നിന്ന് മടങ്ങാനാകാതെ തുടരേണ്ടി വന്ന ഇന്ത്യക്കാരിൽ പലരും ഈ ആനുകൂല്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതായും, എന്നാൽ വിവിധ കാരണങ്ങളാൽ സാധുതയുള്ള പാസ്സ്‌പോർട്ട് കൈവശം ഇല്ലാത്തതിനാൽ യാത്ര ചെയ്യാൻ സാധിക്കാതെ വരുന്ന ഇവരിൽ പലരുടെയും അവസ്ഥ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും എംബസി അറിയിച്ചു. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി, യു എ ഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി അധികൃതർ വ്യക്തമാക്കി. സാധുതയുള്ള യാത്രാരേഖകൾ കൈവശം ഇല്ലാത്ത ഇത്തരത്തിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും എമർജൻസി സർട്ടിഫിക്കറ്റുകൾ അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

https://embassy.passportindia.gov.in/ എന്ന വിലാസത്തിലൂടെ എമർജൻസി സെർട്ടിഫികറ്റുകൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച ശേഷം, BLS കേന്ദ്രങ്ങളിലെത്തി അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. താഴെ പറയുന്ന രേഖകളാണ് ഇതിനു ആവശ്യമായി വരുന്നത്:

  • 2 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ. ഫോട്ടോകൾ അടുത്തിടെ എടുത്തതും, മുഖം മുഴുവൻ വ്യക്തമാകുന്ന രീതിയിൽ, ഇളം നിറത്തിലുള്ള പശ്ചാത്തലത്തോട് കൂടിയവയും ആണെന്ന് ഉറപ്പാക്കണം.
  • പഴയ പാസ്സ്‌പോർട്ട്/ കേടായ പാസ്സ്‌പോർട്ട്/ നഷ്ടപ്പെട്ട പാസ്സ്പോർട്ടിന്റെ കോപ്പി/ അല്ലെങ്കിൽ പഴയ പാസ്സ്പോർട്ടിലെ വിവരങ്ങൾ; ഇവയിൽ ഏതെങ്കിലും ഒന്ന്.
  • പാസ്‌പോർട്ട് കോപ്പി ഇല്ലാത്തതോ, പാസ്സ്‌പോർട്ട് നമ്പർ ഉൾപ്പടെയുള്ളവ മറന്നു പോയതോ ആയ സാഹചര്യങ്ങളിൽ അപേക്ഷകർ ഇന്ത്യൻ ഗവൺമെന്റ് നൽകിയിട്ടുള്ള മറ്റേതങ്കിലും ഫോട്ടോ ഐഡന്റിറ്റി ഹാജരാക്കേണ്ടതാണ്. ഇത്തരത്തിലുള്ളവർക്ക് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡി, റേഷൻ കാർഡ് മുതലായവ എമർജൻസി സെർട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം നൽകാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ളവർ സൂക്ഷ്മ പരിശോധനകൾക്കായി ഇന്ത്യൻ എംബസിയിലോ, ഇന്ത്യൻ കോൺസുലേറ്റിലോ നേരിട്ട് എത്തേണ്ടതാണ്.

എമർജൻസി സെർട്ടിഫികറ്റുകൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ചതിന്റെ പ്രിന്റ്, 2 ഫോട്ടോ, മുകളിൽ പറഞ്ഞ ഐഡി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവയുമായി അടുത്തുള്ള BLS കേന്ദ്രത്തിൽ പ്രവർത്തി ദിനങ്ങളിൽ അപേക്ഷ നൽകേണ്ടതാണ്. അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെയും, ദുബായ്, മറ്റു എമിറേറ്റുകൾ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ വൈകീട്ട് 5 മുതൽ 6 വരെയും എമർജൻസി സെർട്ടിഫികറ്റിനുള്ള അപേക്ഷ നൽകാവുന്നതാണ്. ഇത്തരത്തിൽ അപേക്ഷയുമായി എത്തുന്നവരിൽ, എമർജൻസി സെർട്ടിഫികറ്റിനുള്ള അപേക്ഷാ ഫീസ്, മറ്റു സേവന ചാർജുകൾ എന്നിവ അടയ്ക്കാൻ നിർവാഹമില്ലാത്തവർക്ക് അവ ഒഴിവാക്കി നൽകുമെന്നും അറിയിപ്പിൽ പറയുന്നു.

അപേക്ഷകർക്ക് 5 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ എമർജൻസി സെർട്ടിഫികറ്റുകൾ ലഭിക്കുന്നതാണ്. ഇവ ലഭിക്കുന്നവർക്ക് അബുദാബിയിലോ, ദുബായിലോ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാനുള്ള യു എ ഇ സർക്കാർ തീരുമാനത്തെ അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ഈ അറിയിപ്പിലൂടെ സ്വാഗതം ചെയ്തു. മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടുന്നതിനു ഓഗസ്റ്റ് 18 മുതൽ നവംബർ 17 വരെ അധിക സമയം അനുവദിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ആഗസ്റ്റ് 17-നു പ്രഖ്യാപിച്ചിരുന്നു.