പത്ത് കിലോ വരെ ഹാൻഡ് ബാഗേജ് അനുവദിക്കുമെന്ന് എയർ അറേബ്യ

GCC News

തങ്ങളുടെ വിമാനങ്ങളിൽ പത്ത് കിലോ വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് അനുവദിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. 2025 ജനുവരി 13-നാണ് എയർ അറേബ്യ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ക്യാരി-ഓൺ ബാഗുകൾ, സ്വകാര്യ വസ്തുക്കൾ, ഡ്യൂട്ടി-ഫ്രീ പർച്ചേസുകൾ എന്നിവ ഉൾപ്പടെ ആകെ 10 കിലോഗ്രാം വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് അനുവദിക്കുന്നതായാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. സാധാരണയായി മറ്റു വിമാനസർവീസുകളിൽ ഏഴ് കിലോഗ്രാം വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് കൈവശം വെക്കുന്നതിനാണ് അനുമതി നൽകുന്നത്.

എയർ അറേബ്യയുടെ ആസ്ഥാനമായ ഷാർജയിൽ നിന്നും, ഈജിപ്ത്, മൊറോക്കോ എന്നീ ഹബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ എയർ അറേബ്യ വിമാനങ്ങളിലും ഈ ഇളവ് അനുവദിക്കുന്നതാണ്.

ഹാൻഡിൽ, പോക്കറ്റുകൾ, ചക്രങ്ങൾ എന്നിവ ഉൾപ്പടെ പരമാവധി 55cm x 40cm x 20cm എന്നീ വലിപ്പങ്ങളിലുള്ള ബാഗുകളാണ് ക്യാരി-ഓൺ ബാഗുകളായി അനുവദിക്കുന്നത്. പരമാവധി 25 x 33 x 20 cm എന്നതാണ് സ്വകാര്യ വസ്തുക്കളുടെ വലിപ്പമായി അനുവദിച്ചിരിക്കുന്നത്.

കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന യാത്രികർക്ക് കുട്ടിയുടെ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന പരമാവധി 3 കിലോഗ്രാം വരെ തൂക്കമുള്ള ഒരു ഹാൻഡ് ബാഗേജ് കൂടി അധികമായി അനുവദിക്കുമെന്നും എയർ അറേബ്യ അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ബാഗ് മുൻവശത്തെ സീറ്റിനടിയിൽ കൊള്ളുന്ന വലിപ്പത്തിലുള്ളതായിരിക്കണം.

ഇത്തരം അധിക ബാഗേജുകൾ ചെക്ക്-ഇൻ കൗണ്ടറിൽ വെളിപ്പെടുത്തേണ്ടതും അവയിൽ പേർസണൽ ഐറ്റം എന്ന ടാഗ് പതിപ്പിക്കേണ്ടതുമാണ്. ഡ്യൂട്ടി-ഫ്രീ സാധനങ്ങളുടെ ബാഗുകൾ ഉൾപ്പടെയുള്ള എല്ലാ ക്യാബിൻ ബാഗുകളുടെയും തൂക്കം, വലിപ്പം, എണ്ണം എന്നിവ ബോർഡിങ് ഗേറ്റുകളിൽ പരിശോധിക്കുന്നതാണ്.

അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ വലിപ്പം, തൂക്കം എന്നിവയുള്ള ബാഗുകൾക്ക് ഓരോന്നിനും 100 ദിർഹം ഫീസ് ഇനത്തിൽ ചുമത്തുന്നതാണ്.