മെയ് 17 മുതൽ, കിംഗ് ഫഹദ് പാലത്തിലൂടെയുള്ള യാത്രാസേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കിംഗ് ഫഹദ് കോസ്‌വേ പാസ്സ്‌പോർട്ട് ഡിവിഷൻ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
2021 മെയ് 17, തിങ്കളാഴ്ച്ച മുതൽ സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിദേശ യാത്രാ വിലക്കുകൾ ഒഴിവാക്കാനും, രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ അറിയിപ്പ്. ഇതോടെ സൗദിയിൽ നിന്ന് ബഹ്റൈനിലേക്കും തിരികെയും കിംഗ് ഫഹദ് പാലത്തിലൂടെ യാത്രാ സേവനങ്ങൾ അനുവദിക്കുന്നതാണ്.
സൗദിയിൽ നിന്ന് കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഡിപ്പാർച്ചർ ഏരിയയിൽ പത്ത് പുതിയ വരികൾ തയ്യാറാക്കിയതായി കിംഗ് ഫഹദ് കോസ്‌വേ പാസ്സ്‌പോർട്ട് ഡിവിഷൻ ഡയറക്ടർ കേണൽ ദുവൈഹി അൽ സഹ്‍ലി വ്യക്തമാക്കി. ഇതോടെ ഡിപ്പാർച്ചർ ഏരിയയിൽ ആകെ 27 വരികൾ യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. അറൈവൽ ഏരിയയിൽ 36 വരികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യാത്രാ നടപടികളുമായി ബന്ധപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് മാനദണ്ഡങ്ങൾ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവർ ജിസിസി രാജ്യങ്ങളുടെ ഔദ്യോഗിക COVID-19 ആപ്പുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികളുടെ സ്റ്റാറ്റസ്, രോഗമുക്തി സ്റ്റാറ്റസ് എന്നിവ ഹാജരാക്കേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കേണ്ടതാണ്.
വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം ചുരുങ്ങിയത് 14 ദിവസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങളിലെ സൗദി പൗരന്മാർക്കാണ് ഈ അനുമതി നൽകിയിട്ടുള്ളത്. രോഗമുക്തരായവർക്ക് ‘Tawakkalna’ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം രോഗമുക്തി നേടിയ ശേഷം 6 മാസത്തിനുള്ളിലെ കാലയളവിലാണ് ഇപ്രകാരം യാത്രാനുമതി നൽകുന്നത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ PCR പരിശോധകൾ, ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഈ ഇളവിനായി ഇവർ ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ, ബഹ്‌റൈനിൽ നിന്ന് വാക്സിൻ സ്വീകരിച്ചതിന്റെ/ രോഗമുക്തി നേടിയതിന്റെ ഔദ്യോഗിക രേഖകൾ, അല്ലെങ്കിൽ ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ നൽകിയിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ/ രോഗമുക്തി നേടിയതിന്റെ ഔദ്യോഗിക രേഖകൾ എന്നിവയിലൊന്ന് ഹാജരാക്കേണ്ടതാണ്.
Photo: King Fahd Causeway Authority.