ഒമാൻ: മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

featured Oman

മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നാണ് ഈ പുരാവസ്‌തുക്കൾ കണ്ടെടുത്തിരിക്കുന്നത്.

ഇവ ബി സി 1-നും ബി സി 1000-നും ഇടയിലെ കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ധൂപക്കുറ്റികൾ, വെങ്കലം കൊണ്ട് നിർമ്മിച്ചിട്ടുള്ള മഴു, ചെമ്പ്‌ കൊണ്ടും മാക്കല്ല് (സോപ്പ് സ്റ്റോൺ) ഉപയോഗിച്ചും നിർമ്മിച്ചിട്ടുള്ള പാത്രങ്ങൾ മുതലായ പുരാവസ്‌തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

Source: Oman MHT.

ഇറ്റലിയിലെ സാപിയൻസാ യൂണിവേഴ്സിറ്റിയിലെ പുരാവസ്‌തുവിഭാഗവുമായി ചേർന്നാണ് മന്ത്രാലയം ഈ ഗവേഷണങ്ങൾ നടത്തുന്നത്. ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിലെ 24 മീറ്റർ നീളമുള്ള സമൂഹ കല്ലറയായ ‘CG2’-ലെ അവസാനഘട്ട ഉല്‍ഖനനപ്രവർത്തനങ്ങൾ നടന്ന് വരുന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Source: Oman MHT.

ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ തുറക്കാനിരിക്കുന്ന സന്ദർശകകേന്ദ്രത്തിന്റെ മുന്നോടിയായാണ് നിലവിലെ ഈ ഉല്‍ഖനനപ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാനിലെയും, ജി സി സി രാജ്യങ്ങളിലെയും ഇത്തരത്തിലുള്ള ആദ്യത്തെ ആർക്കിയോളജിക്കൽ സൈറ്റ് വിസിറ്റർ സെന്ററായിരിക്കും ഇതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

Source: Oman MHT.

ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് ലഭിച്ച പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ഉൾപ്പെടുന്ന രീതിയിലാണ് ഈ വിസിറ്റർ സെന്റർ നിർമ്മിക്കുന്നത്.

ഒമാനിലെ ഏറ്റവും പ്രധാനമായ ആർക്കിയോളജിക്കൽ സൈറ്റാണ് ദിബ്ബയിലേത്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ പ്രദേശം ഇന്ത്യ, പേർഷ്യ, മെസോപ്പൊട്ടാമിയ മുതലായ പ്രാചീന നാഗരികതകളുമായി ബന്ധങ്ങൾ പുലർത്തിയിരുന്ന പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമായിരുന്നു. ഈ പ്രാചീന നാഗരികതകളിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ദിബ്ബയിൽ നിന്ന് മുൻപ് കണ്ടെടുത്തിട്ടുണ്ട്.