2023 ഏപ്രിൽ 22 മുതൽ ഒമ്പത് ദിവസത്തേക്ക് ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഏപ്രിൽ 18-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഷർഗ് ഇന്റർസെക്ഷനിലൂടെ ഉം ഗുവൈലിന ഇന്റർസെക്ഷനിൽ നിന്ന് കോർണിഷ് ദിശയിലേക്കും, ഇടത്തേക്ക് തിരിഞ്ഞ് റാസ് അബു അബൗദ് റോഡിലേക്കും സഞ്ചരിക്കുന്നവർക്കാണ് ഈ ഗതാഗത നിയന്ത്രണം ബാധകമാകുന്നത്. 2023 ഏപ്രിൽ 22-ന് അർദ്ധരാത്രി മുതൽ 2023 മെയ് 1-ന് പുലർച്ചെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം.
ഈ കാലയളവിൽ ഉം ഗുവൈലിന ഇന്റർസെക്ഷനിൽ നിന്ന് ഷർഗ് ഇന്റർസെക്ഷനിലേക്ക് സഞ്ചരിക്കുന്നവർക്ക് വലത്തോട്ട് തിരിഞ്ഞ് റാസ് അബു അബൗദ് റോഡിലേക്ക് പ്രവേശിക്കാവുന്നതും, തുടർന്ന് ഖത്തർ പെട്രോളിയം ഇന്റർചേഞ്ച് ഉപയോഗിച്ച് കൊണ്ട് ഷർഗ് ഇന്റർസെക്ഷനിലേക്ക് യു-ടേൺ എടുത്ത് വലത്തോട്ട് തിരിഞ്ഞ് കോർണിഷ് സ്ട്രീറ്റിലേക്ക് പ്രവേശിക്കാവുന്നതുമാണ്.
ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി ചേർന്നാണ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. ദോഹ സൗത്തേൺ മേഖലകളിലെ വെള്ളപ്പൊക്ക സാദ്ധ്യതകൾ ഒഴിവാക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം.