ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി. 2021 മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.
മെയ് 24-ന് വൈകീട്ടാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പുതിയ യാത്രാവിലക്കുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്രകൾ അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ, ഇവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ എന്നിവ ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബഹ്റൈനിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി നൽകിയ അറിയിപ്പ്:
- 2021 മെയ് 24 മുതൽ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് ബഹ്‌റൈൻ പൗരന്മാർ, സാധുതയുള്ള ബഹ്‌റൈൻ റെസിഡൻസി വിസകൾ ഉള്ളവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
- ഇന്ത്യയിൽ നിന്നെത്തുന്ന 6 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
- ഇന്ത്യയിൽ നിന്നെത്തുന്ന 6 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. ഇതിന്റെ ചെലവ് യാത്രികർ സ്വയം വഹിക്കേണ്ടതാണ്. ഇവർക്ക് പത്താം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് കൂടി നിർബന്ധമാക്കിയിട്ടുണ്ട്.
- ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിനായി വീടുകളോ, NHRA അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളോ തിരഞ്ഞെടുക്കാവുന്നതാണ്.
യാത്രാ തടസങ്ങൾ നേരിടാതിരിക്കാൻ ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരും സാധുതയുള്ള ബഹ്‌റൈൻ റെസിഡൻസി വിസകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് എംബസി ആഹ്വാനം ചെയ്തു. ഇതോടെ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നതിന് നിലവിൽ അനുമതി ഇല്ലാതായിട്ടുണ്ട്.
ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർ തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും, ഈ സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി QR കോഡ് സ്കാൻ ചെയ്ത് ഉറപ്പിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. ക്വാറന്റീൻ ഹോട്ടലിലെ റിസർവേഷൻ, അല്ലെങ്കിൽ ബഹ്‌റൈനിലെ താമസിക്കുന്ന ഇടതിന്റെ അഡ്രെസ്സ് (ഇവ യാത്ര ചെയ്യുന്ന ആളിന്റെ പേരിൽ വാടകയ്‌ക്കെടുത്തതോ, അല്ലെങ്കിൽ അടുത്ത ബന്ധുവിന്റെ പേരിലെടുത്തിട്ടുള്ളതോ ആയിരിക്കണം.) എന്നിവയുടെ രേഖകൾ കൈവശം കരുതേണ്ടതാണ്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്താൻ മെയ് 24-ന് പുലർച്ചെയാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.