ബഹ്‌റൈനിലെ ഫ്ലെക്സി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകിവരുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്യാബിനറ്റിൽ വ്യക്തമാക്കി. ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ശൂറ കൗൺസിൽ മുതലായവരുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഫ്ലെക്സി പെർമിറ്റുകളുടെ മാനദണ്ഡങ്ങൾ പുതുക്കുന്നത്.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ഇത്തരം പെർമിറ്റുകളിൽ രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾ, പെർമിറ്റിൽ അനുവദിച്ചിട്ടുള്ള തൊഴിൽ മേഖലകളിൽ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള കർശന പരിശോധനകൾ ഏർപ്പെടുത്തുന്നതാണ്. അനുവാദമില്ലാത്ത മേഖലകളിൽ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്നവർക്കെതിരെ നിയമ നടപടികൾ കൈകൊള്ളുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം, ഫ്ലെക്സി പെർമിറ്റുകളിൽ രാജ്യത്ത് വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ളവർക്ക് വ്യവസായ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഫ്ലെക്സി വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകില്ലെന്നും ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.
ബഹ്‌റൈനിൽ പ്രവാസികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഒന്നോ, രണ്ടോ വർഷത്തേക്ക് തിരഞ്ഞെടുത്ത തൊഴിൽ മേഖലകളിൽ ഫ്ലെക്സി വർക്ക് പെർമിറ്റുകൾ ഉപയോഗിച്ച് തൊഴിലെടുക്കാവുന്നതാണ്. ഫ്ലെക്സി ഹോസ്പിറ്റാലിറ്റി പെർമിറ്റുകളുള്ള പ്രവാസികൾക്ക് ഇത്തരത്തിൽ ഹോട്ടലുകളിലും, റെസ്റ്ററന്റുകളിലും തൊഴിലെടുക്കാവുന്നതാണ്.
സാധാരണയായി വർക്ക് പെർമിറ്റുകൾ ക്യാൻസൽ ചെയ്തവർ, കാലാവധി അവസാനിച്ച വർക്ക് പെർമിറ്റ് ഉള്ളവർ, തൊഴിലെടുത്തതിന് ശമ്പളം ലഭിക്കാതെ ലേബർ കോർട്ടിൽ കേസ് നടത്തുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഇത്തരം ഫ്ലെക്സി പെർമിറ്റുകൾ ഉപയോഗിച്ച് ബഹ്‌റൈനിൽ തൊഴിലെടുക്കാവുന്നതാണ്. https://lmra.bh/portal/en/home/index എന്ന വിലാസത്തിലൂടെയോ, 17 103 103 എന്ന കാൾ സെന്റർ നമ്പറിലൂടെയോ പ്രവാസികൾക്ക് ഫ്ലെക്സി പെർമിറ്റുകൾക്ക് അർഹനാണോ എന്ന് കണ്ടെത്താവുന്നതാണ്.
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഫ്ലെക്സി പെർമിറ്റ് കാലാവധി ഓരോ മാസവും നിശ്ചിത ഫീസ് അടച്ച് പുതുക്കേണ്ടതാണ്. ഇത്തരം പെർമിറ്റുകളിലുള്ളവർ തങ്ങൾക്കനുവദിച്ചിട്ടുള്ള ബ്ലൂ കാർഡ് ഇപ്പോഴും കൈവശം കരുതേണ്ടതാണ്. ഇത്തരം പെർമിറ്റുകളിലുള്ളവർക്ക് ആശ്രിതവിസകളുടെ സൗകര്യം ലഭിക്കുന്നതല്ല.