വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഈ പ്രായവിഭാഗങ്ങളിലുള്ള യാത്രികരുടെ PCR ടെസ്റ്റ്, ക്വാറന്റീൻ എന്നിവ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തുന്നത്.
രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള ഈ പുതുക്കിയ നിബന്ധനകൾ 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ബാധകമാകുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ബഹ്‌റൈൻ CAA അറിയിച്ചിരിക്കുന്നത്:
- റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, ആറ് വയസിന് താഴെ പ്രായമുള്ളവരുൾപ്പടെ, 10 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
- റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
- റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്ക് നിലവിലുള്ള PCR പരിശോധനാ നിബന്ധനകൾ തുടരും.
- റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്കും, ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്കും അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
- വാക്സിനെടുക്കാതെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും ബഹ്‌റൈനിലെത്തിയ ശേഷം 10 ദിവസം നിർബന്ധമായും വിദൂര വിദ്യാഭ്യാസ രീതിയിൽ അധ്യയനം നടത്തേണ്ടതാണ്. ഈ നിബന്ധന സ്‌കൂൾ, കിന്റർഗാർട്ടൻ, നഴ്സറി, ട്രെയിനിങ്ങ് സെന്റർ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ബാധകമാണ്.
ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിൽ ഒരു അധിക PCR പരിശോധന ഏർപ്പെടുത്തുന്നതാണെന്ന് CAA നേരത്തെ അറിയിച്ചിരുന്നു.