ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു

featured GCC News

2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പ്രകാരമാണ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ തീരുമാനം സംബന്ധിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 24-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചത്. ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 29 മുതൽ താഴെ പറയുന്ന മാറ്റങ്ങളാണ് പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തുന്നത്:

  • വിസ ഓൺ അറൈവൽ അർഹതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്, അവർ ഇത്തരം രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ കുത്തിവെപ്പിന്റെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിൽ ഒരു അധിക PCR പരിശോധന ഏർപ്പെടുത്തുന്നതാണ്.
  • മറ്റു യാത്രാ നിബന്ധനകളെല്ലാം മാറ്റങ്ങളില്ലാതെ തുടരുന്നതാണ്.

ഈ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്.

2021 ജൂൺ 25-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള യാത്രാ നിബന്ധനകൾ പ്രകാരം, ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.