റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ സന്ദർശകർക്കായി തുറന്ന് കൊടുത്തു

featured GCC News

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പുതുമകളോടെയാണ് ബുലവാർഡ് വേൾഡ് വീണ്ടും തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Saudi Press Agency.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ ബുലവാർഡ് വേൾഡ് നാല്പത് ശതമാനത്തോളം കൂടുതൽ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്യന്തം രസകരമായതും, വിഭിന്നമായതുമായ വിനോദഅനുഭവങ്ങളാണ് ബുലവാർഡ് വേൾഡിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. പ്രാചീന ലെവന്ത്, ഈജിപ്ത് തുടങ്ങിയ കാഴ്ച്ചാനുഭവങ്ങൾ ഇത്തവണത്തെ ബുലവാർഡ് വേൾഡിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Saudi Press Agency.

ഇത്തവണത്തെ ബുലവാർഡ് വേൾഡിൽ 20 വ്യത്യസ്ത മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ആഗോള മേഖലകളെ പ്രതിനിധാനം ചെയ്യുന്ന പവലിയനുകൾ വിവിധ രാഷ്ട്രങ്ങളിലെ സംസ്കാരം, ഭാഷ, രുചി അനുഭവങ്ങൾ, സംഗീതം, തച്ചുശാസ്‌ത്രം മുതലായവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

ഇന്ത്യ, ഈജിപ്ത്, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ലെവന്ത്, ഇറ്റലി, മൊറോക്കോ, ഗ്രീസ്, ചൈന, ജപ്പാൻ, സ്പെയിൻ, മെക്സിക്കോ, ഏഷ്യ വൻകര എന്നിവയുടെ പവലിയനുകൾ ഇതിൽ ഉൾപ്പെടുന്നു.

Source: Saudi Press Agency.

ഇതിന് പുറമെ ബുലവാർഡ് വേൾഡിലെ ബുലവാർഡ് ലേക്ക് സന്ദർശർക്ക് വിനോദത്തിനൊപ്പം തടാകത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യങ്ങളും പ്രധാനം ചെയ്യുന്നു. ഈ പവലിയനുകൾക്ക് പുറമെ മെറ്റാവേർസ് വേൾഡ്, മൊബൈൽ റോളർകോസ്റ്റർ, സിനിമാ മ്യൂസിയം, ബുലവാർഡ് ഫോറസ്റ്റ്, കുട്ടികൾക്കായുള്ള കോകോമെലോൺ വേൾഡ് ഏരിയ എന്നീ അനുഭവങ്ങളും ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിയാദ് സീസണിന്റെ നാലാമത് പതിപ്പിന് 2023 ഒക്ടോബർ 28, ശനിയാഴ്ചയാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്.

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.

Cover Image: Saudi Press Agency.