രാജ്യത്ത് പുതിയതായി പുറത്തിറക്കിയ അമ്പത് ദിർഹം പോളിമർ ബാങ്ക് നോട്ട് ഒരു ഔദ്യോഗിക കറൻസിയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (CBUAE) വ്യക്തമാക്കി. നിലവിൽ പ്രചാരത്തിലുള്ള ഇതേ മൂല്യമുള്ള പേപ്പർ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമർ ബാങ്ക് നോട്ട് ഉപയോഗിക്കാമെന്നും CBUAE കൂട്ടിച്ചേർത്തു.
ഈ പുതിയ നോട്ട് രാജ്യത്തെ ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലേക്കും വിതരണം ചെയ്തതായും CBUAE ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കിയത്. 2021 ഡിസംബർ 7-ന് യു എ ഇ ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പുതിയ ബാങ്ക് നോട്ട് പ്രകാശനം ചെയ്തത്.
യു എ ഇയുടെ സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എമിറേറ്റ്സിന്റെ ആദ്യ തലമുറ ഭരണാധികാരികൾ എന്നിവരോടും, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഇവരുടെ സമർപ്പണത്തിന്റെയും ചരിത്രപരമായ പങ്കിനോടുമുള്ള ബഹുമാനാർത്ഥമാണ് രാജ്യം ഇത്തരത്തിലുള്ള ഒരു ബാങ്ക് നോട്ട് പുറത്തിറക്കിയത്. യു എ ഇയിൽ വിതരണം ചെയ്യുന്ന, പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ആദ്യത്തെ ബാങ്ക് നോട്ടാണിത്.
സുസ്ഥിരതാ നയത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ.
വ്യത്യസ്തമായ വയലറ്റ് ഷേഡുകൾ, ഫ്ലൂറസെന്റ് നീല നിറത്തിൽ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പുതിയ ബാങ്ക് നോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 50 ദിർഹം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുതിയ അമ്പത് ദിർഹം നോട്ടിന്റെ മുൻഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രവും, മധ്യഭാഗത്ത് യൂണിയൻ രേഖയിൽ ഒപ്പ് വെച്ച ശേഷമുള്ള സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവും, ഇടതുവശത്ത് എമിറേറ്റ്സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അൽ കരാമയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ മറുവശത്ത് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ യൂണിയൻ കരാറിൽ ഒപ്പുവെക്കുന്ന ചിത്രവും, യൂണിയൻ സ്ഥാപിക്കുന്നതിനും ആദ്യമായി യുഎഇ പതാക ഉയർത്തുന്നതിനും സാക്ഷ്യം വഹിച്ച എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.
WAM