രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ജൂൺ 25-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ 2023 ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അൽ ദാഹിരാ, അൽ ദാഖിലിയ, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്.
ഇതോടൊപ്പം അന്തരീക്ഷ താപനില 35 ഡിഗ്രിയിലേക്ക് വരെ താഴാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജൂൺ 28, 29 തീയതികളിൽ ഒമാനിൽ 10 മുതൽ 30 മിലീമീറ്റർ വരെ ശക്തിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇത് താഴ്വരകളിൽ വെള്ളം ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കാവുന്നതാണ്. 15 മുതൽ 25 നോട്ട് വരെ വേഗതയിൽ കാറ്റ് വീശുമെന്നും, അറബി കടലിന്റെ തീരങ്ങളിൽ 2 മുതൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.