ഒമാൻ: ഡിസംബർ 30 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

2025 ഡിസംബർ 30 വരെ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2025 ഡിസംബർ 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 28 മുതൽ ഡിസംബർ 30 വരെ ഒമാനിൽ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.

മുസന്ദം, വടക്കൻ ഗവർണറേറ്റുകൾ, അറബി കടലിന്റെ തീരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ കാലാവസ്ഥാ സാഹചര്യം അനുഭവപ്പെടുന്നതാണ്. ഇതോടൊപ്പം അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.