ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം, മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണങ്ങൾ മാർച്ച് 20 വരെ തുടരും.
ഈ നിയന്ത്രണങ്ങൾ രാജ്യത്തെ ടൂറിസ്റ്റ് സംവിധാനങ്ങളിലെ റസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്കും ബാധകമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മാർച്ച് 3-ന് വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ മാർച്ച് 1, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് 2021 മാർച്ച് 4 മുതൽ രാജ്യവ്യാപകമായി രാത്രികാലങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
“ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും മാർച്ച് 4 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ, ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെ വാണിജ്യപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ ടൂറിസ്റ്റ് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾ രാത്രികാല നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ അടച്ചിടുന്നതാണ്. “, മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ തീരുമാനങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്. ഹോം ഡെലിവറി സേവനങ്ങൾക്കും രാത്രികാല നിയന്ത്രണങ്ങൾ ബാധകമാണ്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.