അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകാൻ മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിന്റ്റെ ഭാഗമായി, ഇതിനായുള്ള സേവനകേന്ദ്രം ഷാർജയിൽ പ്രവർത്തനമാരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ പരീക്ഷണങ്ങൾ രാജ്യവ്യാപകമാക്കുമെന്നും, ഇതിനായുള്ള ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ യു എ ഇ ആരോഗ്യ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തും (DoH) ചേർന്ന് ആരംഭിച്ചതായും ജൂലൈ 19-നു അധികൃതർ അറിയിച്ചിട്ടുണ്ടായിരുന്നു.
COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്റർ, അബുദാബിക്ക് പുറത്തുള്ള ആദ്യത്തെ ഇത്തരം കേന്ദ്രമാണ്. ഈ കേന്ദ്രത്തിലൂടെ വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരാകാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്നതിനും, ഇതിനു ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
DoH, G42 ഹെൽത്ത്കെയർ, അബുദാബി ഹെൽത്ത് സർവീസസ് (SEHA) എന്നിവർ സംയുക്തമായാണ് ഈ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ദിനവും അഞ്ഞൂറോളം സന്നദ്ധസേവകരെ രജിസ്റ്റർ ചെയ്യുന്നതിന് ഷാർജയിലെ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്. ദിനവും രാവിലെ 8 മുതൽ രാത്രി 8 വരെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, മുൻകൂർ അനുവാദം ഇല്ലാതെ തന്നെ ഈ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധത അറിയിക്കാവുന്നതാണ്. ഷാർജ, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിലെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
18-നും 60-നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും, പൂർണ്ണമായി ആരോഗ്യവാന്‍മാരുമായവരിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സന്നദ്ധ അറിയിക്കുന്നവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും വാക്സിൻ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുക. മൂന്നാഴ്ച്ചത്തെ കാലയളവിൽ 2 തവണയാണ് വാക്സിൻ നൽകുക.
COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വോക് ഇൻ സംവിധാനത്തോട് കൂടിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു. ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി. 10000-ത്തിൽ പരം സന്നദ്ധസേവകർ ഇതുവരെ ഈ പരീക്ഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
ക്ലിനിക്കൽ പരീക്ഷണത്തിൽ സന്നദ്ധസേവകരായ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന ആരോഗ്യ പ്രവർത്തകർ വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.