ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും. ഖത്തറിലെ വിവിധ ബാങ്കുകൾ ഇത് സംബന്ധിച്ച് ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പുകൾ SMS സന്ദേശങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും നൽകിത്തുടങ്ങിയിട്ടുണ്ട്.
പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ 2021 ജൂലൈ 1 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകുകയായിരുന്നു.
“നിങ്ങളുടെ പക്കലുള്ള നാലാം ശ്രേണിയിൽപ്പെടുന്ന റിയാൽ നോട്ടുകൾ 2021 ഡിസംബർ 31-നകം മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.”, ഖത്തർ നാഷണൽ ബാങ്ക് ഡിസംബർ 8-ന്, ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
“ദോഹാ ബാങ്കിന്റെ ബ്രാഞ്ചുകളിലും, ക്യാഷ് ഡെപ്പോസിറ്റ് എടിഎം മെഷീനുകളിലും പഴയ റിയാൽ നോട്ടുകൾ 2021 ഡിസംബർ 31 വരെ സ്വീകരിക്കുന്നതാണ്.”, ഡിസംബർ 6-ന് ദോഹ ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ദോഹ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങളിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
“ഞങ്ങളുടെ ബ്രാഞ്ചുകളിലും, എടിഎം മെഷീനുകളിലും പഴയ ശ്രേണിയിൽപ്പെടുന്ന ബാങ്ക് നോട്ടുകൾ നിക്ഷേപിക്കുന്നതിനും, മാറ്റിയെടുക്കുന്നതിനും അനുവദിച്ചിട്ടുള്ള സമയപരിധി 2021 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്.”, അഹ്ലി ബാങ്ക് ഡിസംബർ 8-ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തർ ഇസ്ലാമിക് ബാങ്ക്, അൽ ഖലീജി തുടങ്ങിയ മറ്റു ബാങ്കുകളും സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. 2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്.