ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 21-ന് വൈകീട്ടാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മേള സന്ദർശിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങളും, ഗ്ലോബൽ വില്ലേജിൽ നടപ്പിലാക്കുന്ന സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
- ഗ്ലോബൽ വില്ലേജിലെത്തുന്ന മുഴുവൻ സന്ദർശകർക്കും, മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
- സന്ദർശകർ 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉള്ളവർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്ന അവസരത്തിൽ തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- സന്ദർശകർ, ഗ്ലോബൽ വില്ലേജ് ജീവനക്കാർ എന്നിവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി തെർമൽ കാമറ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതാണ്.
- ഗ്ലോബൽ വില്ലേജിലുടനീളം ഏതാണ്ട് 600-ൽ പരം ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കുന്നതാണ്.
- ഷോപ്പിംഗ് ട്രോളി, വീൽ ചെയർ മുതലായവ ഓരോ തവണ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
- ഗ്ലോബൽ വില്ലേജിലെ ഭക്ഷണശാലകൾ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. ഓരോ തവണ ഉപയോഗത്തിന് ശേഷവും ഭക്ഷണശാലകളിലെ മേശ, കസേര എന്നിവ അണുവിമുക്തമാക്കേണ്ടതാണ്.
- ടച്ച് സ്ക്രീൻ സംവിധാനങ്ങൾ, കിയോസ്കുകൾ എന്നിവ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
- സമൂഹ അകലം ഉറപ്പാക്കുന്നതിനായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയുടെ മുൻവശത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കുന്നതാണ്.
വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഈ പ്രദർശനത്തിന്റെ 2020-2021 സീസൺ 2020 ഒക്ടോബർ 25 മുതൽ ഏപ്രിൽ 2021 വരെ നീണ്ട് നിൽക്കും. ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസണിൽ, പ്രത്യേകമായുള്ള നിരവധി ആഘോഷ പരിപാടികളുണ്ടാകുമെന്നാണ് സൂചനകൾ.
ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നേരത്തെ അറിയിച്ചിരുന്നു. ഗ്ലോബൽ വില്ലേജിനകത്ത് ടൂറിസ്റ്റുകൾക്കായുള്ള ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.